•  0471-2463769

1977-ലെ 11-ാം ആക്റ്റ് 1975-ലെ കേരള തൊഴിലാളി ക്ഷേമനിധി ആക്റ്റ്

കേരള സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമാഭിവൃദ്ധിക്കും അതുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ക്കും വേണ്ടി ഒരു നിധി രൂപീകരിക്കുതിന് വ്യവസ്ഥ ചെയ്യുന്നതിനുളള ഒരു ആക്റ്റ്.
പീഠിക.- കേരള സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമാഭിവൃദ്ധിക്കും അതുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ക്കും വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കയാല്‍;
ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ ഇരുപത്താറാം സംവല്‍സരത്തില്‍ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു;-

 1. ചുരുക്കപ്പേരും, വ്യാപ്തിയും, ആരംഭവും:-
  (1) ഈ ആക്റ്റിന് 1975 ലെ കേരള -തൊഴിലാളി ക്ഷേമനിധി ആക്റ്റ് എന്ന് പേര്‍ പറയാം
  (2)ഇതിന് കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
  (3) ഇത് ഗസറ്റില്‍ വിജ്ഞാപനംമൂലം സര്‍ക്കാര്‍ നിശ്ചയിക്കാവുന്ന തീയതിയില്‍ പ്രാബല്യത്തില്‍ വരുന്നതും സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍ക്ക് വ്യത്യസ്ഥ തീയതികള്‍ നിശ്ചയിക്കാവുന്നതുമാണ്.
 2. നിര്‍വ്വചനങ്ങള്‍:- ഈ ആക്റ്റില്‍ സന്ദര്‍ഭത്തിന് മറ്റു വിധത്തില്‍ ആവശ്യമില്ലാത്ത പക്ഷം;-
  (a) ബോര്‍ഡ് എന്നാല്‍ 4-ാം വകുപ്പു പ്രകാരം ഏര്‍പ്പെടുത്തിയ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നര്‍ത്ഥമാകുന്നു ;
  (b) കമ്മീഷണര്‍ എന്നാല്‍, 22-ാം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട തൊഴിലാളി ക്ഷേമനിധി കമ്മീഷണര്‍, എന്നര്‍ത്ഥമാകുന്നു ;
  (c) അംശദാനം എന്നാല്‍, 15-ാം വകുപ്പിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബോര്‍ഡിലേയ്ക്ക് നല്‍കേണ്ട തുക എന്നര്‍ത്ഥമാകുന്നു;
  (d) തൊഴിലാളി എന്നാല്‍
  (i) ജോലി സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമോ വ്യംഗ്യമോ ആയിരുന്നാലും ശരി വിദഗ്ദ്ധമോ, അവിദഗ്ദ്ധമോ, കായികമോ, മേല്‍നോട്ടം സംബന്ധമായതോ, ഗുമസ്ഥപ്പണി സംബന്ധിച്ചതോ സാങ്കേതികമോ ആയ ഏതെങ്കിലും ജോലി, കൂലിക്കോ പ്രതിഫലത്തിനോ വേണ്ടി ചെയ്യുന്നതിന് ഒരു സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ നൂറ്റി അന്‍പതു ദിവസത്തെ കാലയളവിലേയ്ക്ക് നിയമിച്ചിട്ടുളള ഏതെങ്കിലും ആള്‍ എന്നും; എന്നാല്‍ അതില്‍-
  (A) പ്രധാനമായും മാനേജര്‍ എന്ന നിലയില്‍ നിയമിക്കപ്പെട്ടവനോ അല്ലെങ്കില്‍
  (B) പ്രതിമാസം എഴൂനൂറ്റി അന്‍പതു രൂപയില്‍ കൂടുതല്‍ വേതനം വാങ്ങുകയോ അല്ലെങ്കില്‍ ഉദ്യോഗവുമായി ബന്ധപ്പെട്ടിട്ടുളള കര്‍ത്തവ്യങ്ങളുടെ സ്വഭാവം നിമിത്തമോ അഥവാ അതില്‍ നിക്ഷിപ്തമായിട്ടുള അധികാരങ്ങള്‍ കാരണമായോ പ്രധാനമായി മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുവനോ; അല്ലെങ്കില്‍

  (C) ഒരു തൊഴിലഭ്യാസിയായോ (അപ്രന്റീസ്) അല്ലെങ്കില്‍ പാര്‍ട്ട് ടൈം അടിസ്ഥാനത്തിലോ ജോലിക്ക് നിയമിക്കപ്പെട്ടവനോ ആയ ഏതെങ്കിലും ആള്‍ ഉള്‍പ്പെടുതല്ലാത്തതും;

  വിശദീകരണം:- തൊഴിലഭ്യാസി എന്നാല്‍ സ്ഥാപനത്തിന് ബാധകമാകുന്ന സാക്ഷ്യപ്പെടുത്തിയ നിലവിലുളള ഉത്തരവുകള്‍ പ്രകാരം തൊഴിലഭ്യാസിയായിരിക്കുന്ന ഒരു ആള്‍ എന്നോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഈ ആവശ്യത്തിലേയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുളള അധികാരസ്ഥന്‍, തൊഴിലഭ്യാസി ആയി പ്രഖ്യാപിച്ച ഒരു ആള്‍ എന്നോ അര്‍ത്ഥമാകുന്നതും;

  (ii) സര്‍ക്കാര്‍ ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി തൊഴിലാളിയെന്ന് ഗസറ്റില്‍ വിജ്ഞാപനം മൂലം പ്രഖ്യാപിക്കാവുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റേതെങ്കിലും ആള്‍ എന്നും അര്‍ത്ഥമാകുന്നു.
  വിശദീകരണം:- ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി ഒരാള്‍ ഒരു തൊഴിലാളിയാണോ അല്ലയോ എന്ന ഏതെങ്കിലും പ്രശ്‌നം ഉല്‍ഭവിക്കുന്ന പക്ഷം ആ പ്രശ്‌നം സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ ഈ ആവശ്യാര്‍ത്ഥം സര്‍ക്കാരിനാല്‍ അധികാരപ്പെടുത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയോ അഭിപ്രായത്തിനയക്കേണ്ടതും സര്‍ക്കാരിന്റെയോ പ്രസ്തുത ഉദ്യോഗസ്ഥന്റെയോ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:

  (e) തൊഴിലുടമ എന്നാല്‍ ഒരു സ്ഥാപനത്തില്‍ ഒന്നോ അതിലധികമോ തൊഴിലാളിയായോ, തൊഴിലാളികളേയോ നേരിട്ടോ, ഏതെങ്കിലും ആള്‍ വഴിയോ തനിക്കോ, മറ്റേതെങ്കിലും ആള്‍ക്കോ വേണ്ടിയോ, ജോലിക്കു നിയമിക്കുന്ന ഒരാള്‍ എന്നര്‍ത്ഥമാകുന്നതും അതില്‍-

  (i) ഒരു ഫാക്റ്ററിയില്‍ 1948-ലെ ഫാക്റ്ററീസ് ആക്റ്റ് (1948-ലെ 63-ാം കേന്ദ്ര ആക്റ്റ്) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എഫ്) എ ഖണ്ഡിക പ്രകാരം മാനേജര്‍ എന്നു പറയപ്പെടുന്ന ഏതൊരാളും:

  (ii) ഏതെങ്കിലും സ്ഥാപനത്തില്‍, തൊഴിലാളികളുടെ മേല്‍നോട്ടം വഹിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുതിനോ അല്ലെങ്കില്‍ വേതനം നല്‍കുതിനോ, ഉടമസ്ഥനോട് ഉത്തരവാദിത്വമുളള ഏതെങ്കിലും ആള്‍, ഉള്‍പ്പെടുന്നതുമാകുന്നു;

  (f)സ്ഥാപനം എന്നതില്‍-
  (i) 1948-ലെ ഫാക്റ്ററീസ് ആക്റ്റ് (1948-ലെ 63-ാം കേന്ദ്ര ആക്റ്റ്) 2-ാം വകുപ്പ് (എം) എ ഖണ്ഡത്തില്‍ നിര്‍വ്വചിച്ചിട്ടുളളതുപോല ഒരു ഫാക്റ്ററിയോ അല്ലെങ്കില്‍ പ്രസ്തുത ആക്റ്റ് 85-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ഒരു ഫാക്റ്ററി ആയി കരുതപ്പെടു ഏതെങ്കിലും സ്ഥലമോ അതും;

  (ii) 1961-ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ആക്റ്റ് (1961-ലെ 27-ാം കേന്ദ്ര ആക്റ്റ്) 2-ാം വകുപ്പ് (ജി) എന്ന ഖണ്ഡത്തില്‍ നിര്‍വ്വചിച്ചിട്ടുളള ഒരു മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സംരംഭവും;

  (iii) 1951-ലെ തോട്ടം തൊഴിലാളി ആക്റ്റ് (1951-ലെ 64-ാം കേന്ദ്ര ആക്റ്റ്)2-ാം വകുപ്പ് (എഫ) എ ഖണ്ഡത്തില്‍ നിര്‍വ്വചിച്ച പ്രകാരമുളള ഒരു തോട്ടവും ;

  (iv) ഷാപ്പുകളേയും വാണിജ്യ സ്ഥാപനങ്ങളേയും സംബന്ധിച്ച 1960 ലെ കേരള ആക്റ്റ് (1960-ലെ 34) 2-ാം വകുപ്പ് (4) എന്ന ഖണ്ഡത്തിന്റെ അര്‍ത്ഥവ്യാപ്തിക്കുളളില്‍ വരുന്നതും അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ ജോലി ചെയ്യുതോ, അല്ലെങ്കില്‍ കഴിഞ്ഞ പന്ത്രണ്ടു മാസത്തിനുളളില്‍ ഏതെങ്കിലും ഒരു പ്രവൃത്തി ദിവസം ജോലി ചെയ്തിരുന്നതോ ആയ, ഏതെങ്കിലും വാണിജ്യ സ്ഥാപനവും;

  എന്നാല്‍, പിന്നീടുളള ഏതെങ്കിലും സമയത്ത് ആളുകളുടെ എണ്ണം അഞ്ചിനു താഴെയായി കുറഞ്ഞിരുന്നാല്‍ത്തന്നെയും, അപ്രകാരമുളള ഏതെങ്കിലും വാണിജ്യസ്ഥാപനം ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാപനമായിത്തന്നെ തുടരുന്നതാണ്;

  എന്നു മാത്രമല്ല, തുടര്‍ച്ചയായി ആറുമാസത്തില്‍ കുറയാത്ത കാലത്തേയ്ക്ക് അവിടെ നിയമിച്ചിട്ടുളള ആളുകളുടെ എണ്ണം അഞ്ചില്‍ കുറവായിരുന്നാല്‍, ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി മേല്‍പ്പറഞ്ഞ ആറുമാസക്കാലം അവസാനിക്കുന്നതിന്റെ അടുത്തമാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം അപ്രകാരമുളള വാണിജ്യസ്ഥാപനം ഒരു സ്ഥാപനമല്ലാതായിത്തീരുന്നതും, എന്നാല്‍ തൊഴിലുടമ അപ്രകാരം അവസാനിക്കുന്ന തീയതി മുതല്‍ ഒരു മാസത്തിനകം, സര്‍ക്കാര്‍ ഈ ആവശ്യത്തിലേക്കായി നിര്‍ദ്ദേശിക്കാവുന്ന അങ്ങനെയുളള അധികാരസ്ഥനെ ആ വസ്തുത രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അറിയിക്കേണ്ടതുമാകുന്നു;

  (v)1860-ലെ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ആക്റ്റ് (1860-ലെ 21-ാം കേന്ദ്ര ആക്റ്റ്) പ്രകാരമോ അല്ലെങ്കില്‍ 1955-ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്റ്റുപ്രകാരമോ (1955-ലെ xii) രജിസ്റ്റര്‍ ചെയ്തതും ഏതെങ്കിലും, തൊഴിലോ വ്യാപാരമോ, അഥവാ അതിനോട് ബന്ധപ്പെട്ടതോ ആനുഷഗികമായതോ ആയ ഏതെങ്കിലും ജോലിയോ നടത്തുന്നതും, ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതോ, കഴിഞ്ഞ പന്ത്രണ്ടു മാസത്തിനകം ഏതെങ്കിലും ഒരു പ്രവൃത്തി ദിവസം ജോലി ചെയ്തിരുന്നതോ ആയതുമായ ഒരു സംഘം ഉള്‍പ്പെടെയുളള ഒരു സ്ഥാപനവും; എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റേയോ, ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റേയോ ഒരു സ്ഥാപനം (ഫാക്റ്ററി അല്ലാത്ത) ഉള്‍പ്പെടുതല്ല ;

  (vi) ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം മൂലം ഒരു സ്ഥാപനമായിരിക്കുമെന്ന് പ്രഖ്യാപിക്കാവുന്ന മറ്റ് ഏതെങ്കിലും സ്ഥാപനവും ഉള്‍പ്പെടുതാകുന്നു;

  (g) ഫണ്ട് എന്നാല്‍ 3-ാം വകുപ്പു പ്രകാരം ഏര്‍പ്പെടുത്തിയിട്ടുളള തൊഴിലാളി ക്ഷേമനിധി എന്നര്‍ത്ഥമാകുന്നു;
  (h) ഇന്‍സ്‌പെക്റ്റര്‍ എന്നാല്‍ 24-ാം വകുപ്പു പ്രകാരം നിയമിച്ചിട്ടുളള ഒരു ഇന്‍സ്‌പെക്ടര്‍ എന്നര്‍ത്ഥമാകുന്നു;
  (i) നിര്‍ണ്ണയിക്കപ്പെട്ട എന്നാല്‍ ഈ ആക്റ്റു പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങള്‍ മൂലം നിര്‍ണ്ണയിക്കപ്പെട്ട എര്‍ത്ഥമാകുന്നു.,
  (j) സംസ്ഥാനം എന്നാല്‍ കേരള സംസ്ഥാനം എര്‍ത്ഥമാകുന്നു.

  (k) കൊടുത്തു തീര്‍ക്കാത്ത ശേഖരണം എന്നാല്‍ ഈ ആക്റ്റ് പ്രാബല്യത്തില്‍ വരുന്നതിനുമുമ്പോ പിന്‍പോ, ഗ്രാറ്റുവിറ്റിയായല്ലാതെ തൊഴിലാളിക്ക് ലഭിക്കേണ്ടതും, അയാള്‍ക്ക് പണം കിട്ടേണ്ടിയിരുന്ന തീയതി മുതല്‍ മൂന്നു വര്‍ഷത്തെ കാലയളവിനുളളില്‍ നല്‍കിയിട്ടില്ലാത്തതുമായ എല്ലാ തുകകളും, ഈ ആക്റ്റ് പ്രാബല്യത്തില്‍ വന്നതിനു് ശേഷം തൊഴിലാളിക്ക് ലഭിക്കേണ്ടതും എന്നാല്‍ അങ്ങനെ ലഭിക്കേണ്ട തീയതി മുതല്‍ മൂന്നു വര്‍ഷത്തെ കാലയളവിനുളളില്‍ നല്‍കിയിട്ടില്ലാത്തതുമായ ഗ്രാറ്റുവിറ്റിയും എന്നര്‍ത്ഥമാകുന്നതും എന്നാല്‍ അതില്‍ 1952 ലെ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് ആക്റ്റ് (1952-ലെ 19-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഏര്‍പ്പെടുത്തിയിട്ടുളള പ്രോവിഡന്റു ഫണ്ടിലേക്കോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള മറ്റേതെങ്കിലും പ്രോവിഡന്റു ഫണ്ടിലേയ്‌ക്കോ തൊഴിലുടമ നല്‍കിയ അംശദാനത്തിന്റെ തുക വല്ലതുമുണ്ടെങ്കില്‍ അത് ഉള്‍പ്പെടുതല്ലാത്തതുമാകുന്നു.

  (l) വേതനം എന്നാല്‍ വേതനം നല്‍കുന്നത് സംബന്ധിച്ച 1936-ലെ ആക്റ്റ്, (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) 2-ാം വകുപ്പ് (്ശ)എ ഖണ്ഡത്തില്‍ നിര്‍വ്വചിച്ചിട്ടുളള വേതനം എന്നര്‍ത്ഥമാകുന്നു.
 3. തൊഴിലാളി ക്ഷേമനിധി-
  (1) തൊഴിലാളി ക്ഷേമനിധി എന്ന പേരില്‍ സര്‍ക്കാര്‍ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും തല്‍സമയം പ്രാബല്യത്തിലുളള മറ്റേതെങ്കിലും നിയമത്തിലോ, ഏതെങ്കിലും കരാറിലോ, കരണത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും, കൊടുത്തുതീര്‍ക്കാത്ത എല്ലാ ശേഖരണവും നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള ഇടവേളകളില്‍ ബോര്‍ഡിനു കൊടുക്കേണ്ടതും, അത് ഫണ്ടിലേയ്ക്ക് വരവുവയ്‌ക്കേണ്ടതും, 13-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയില്‍ അതു സംബന്ധിച്ച തേര്‍ച്ചകള്‍ തീരുമാനിക്കപ്പെടുന്നതുവരെ ബോര്‍ഡ് ആയതിലേയ്ക്ക് ഒരു പ്രത്യേക കണക്ക് സൂക്ഷിക്കേണ്ടതുമാകുന്നു.

  (2) ഫണ്ടിലേയ്ക്ക്-
  (a) 13-ാം വകുപ്പ് (2)-ാം ഉപവകുപ്പു പ്രകാരം ബോര്‍ഡിന് നല്കിയ കൊടുത്തു തീര്‍ക്കാത്ത ശേഖരണങ്ങളും;
  (b) തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള ഏതെങ്കിലും കരാറില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, 1947-ലെ കേരള വ്യാവസായികത്തൊഴില്‍ (നിലവിലുളള ഉത്തരവുകള്‍) ചട്ടങ്ങള്‍ പ്രകാരം പുറപ്പെടുവിച്ചിട്ടുളള നിലവിലുളള മാതൃകാ ഉത്തരവുകളിലെ 20-ാം ഉത്തരവു പ്രകാരം തൊഴിലുടമകള്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കിയിട്ടുളള തുക ഉള്‍പ്പെടെയുളള എല്ലാ പിഴകളും;
  (c) വേതനം നല്‍കുന്നതു സംബന്ധിച്ച 1936 ലെ ആക്റ്റ് (1936-ലെ 4-ാം) കേന്ദ്ര ആക്റ്റ്) 9-ാം വകുപ്പ് (2)-ാം ഉപവകുപ്പിലെ ക്ലിപ്ത നിബന്ധന പ്രകാരം ചെയ്ത കിഴിക്കലും.
  (d) തൊഴിലുടമകളും തൊഴിലാളികളും നല്‍കിയ അംശദാനങ്ങളും;
  (e) 14-ാം വകുപ്പുപ്രകാരം ശിക്ഷയായി നല്‍കിയ ഏതെങ്കിലും പലിശയും;
  (f) സ്വമനസ്സാലെ നല്‍കുന്ന ഏതെങ്കിലും സംഭാവനകളും;
  (g) ബോര്‍ഡിന്റെ മുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റു മാര്‍ഗ്ഗങ്ങളില്‍കൂടി ബോര്‍ഡ് ശേഖരിക്കുന്ന ഏതെങ്കിലും തുകയും
  (h) 17-ാം വകുപ്പ് (6)-ാം ഉപവകുപ്പുപ്രകാരം മാറ്റിയിട്ടുളള ഏതെങ്കിലും ഫണ്ടും;
  (i) 18-ാം വകുപ്പു പ്രകാരം കടം വാങ്ങിയ ഏതെങ്കിലും തുകയും;
  (j) 1936 ലെ വേതനം നല്‍കുന്നതു സംബന്ധിച്ച ആക്റ്റ് (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) പ്രകാരവും 1948-ലെ മിനിമം വേജസ് ആക്റ്റ് (1948-ലെ 11-ാം കേന്ദ്ര ആക്റ്റ്) പ്രകാരവും ഉണ്ടാക്കിയിട്ടുളള ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാരിലേയ്ക്ക് മുതല്‍ കൂട്ടിയിട്ടുളള വല്ല അവകാശപ്പെടാത്ത തുകയും;
  (k) കേന്ദ്ര ഗവണ്‍മെന്റോ, സംസ്ഥാന ഗവണ്‍മെന്റോ ഏതെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനമോ നല്‍കിയ ഗ്രാന്റുകളോ, അഡ്വാന്‍സുകളോ അവയും;
  (l)തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് തൊഴില്‍ ഉടമകളുടെമേല്‍ കോടതികള്‍ ചുമത്തുകയും അവരില്‍ നിന്നും ഈടാക്കുകയും ചെയ്തിട്ടുളള പിഴകളില്‍ നിന്നും ഭരണച്ചെലവുകള്‍ക്കായി കോടതികള്‍ കിഴിച്ചിട്ടുളള തുകകള്‍ കഴിച്ചുളളവയും മുതല്‍ കൂട്ടേണ്ടതാണ്.

  (3) (2)-ാം ഉപവകുപ്പില്‍ പറഞ്ഞിട്ടുളള തുകകള്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള രീതിയിലും അങ്ങനെയുളള ഇടവേളകളിലും അങ്ങനെയുളള ഏജന്‍സികള്‍ക്ക് നല്‍കുകയോ അങ്ങനെയുളള ഏജന്‍സികള്‍മൂലം പിരിക്കുകയോ, ചെയ്യേണ്ടതും ഫണ്ടിന്റെ കണക്കുകള്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള രീതിയില്‍ വെച്ചുപോരുകയും ആഡിറ്റു ചെയ്യുകയും ചെയ്യേണ്ടതുമാകുന്നു.
 4. ബോര്‍ഡിന്റെ രൂപീകരണം-
  (1) കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ്, ഈ ആവശ്യത്തിനായി ഗസറ്റില്‍ വിജ്ഞാപനം മൂലം നിശ്ചയിക്കാവുന്ന തീയതി മുതല്‍ പ്രാബല്യത്തോടുകൂടി, സര്‍ക്കാര്‍ രൂപീകരിക്കേണ്ടതാണ്.
  (2) ബോര്‍ഡ് മുന്‍പറഞ്ഞ പേരില്‍ ശാശ്വത പിന്‍ തുടര്‍ച്ചാവകാശവും പൊതുമുദ്രയും ഉളള ഒരു ഏകാംഗയോഗമായിരിക്കേണ്ടതും പ്രസ്തുത പേരില്‍ വ്യവഹരിക്കുകയും, വ്യവഹരിക്കപ്പെടുകയും ചെയ്യേണ്ടതുമാണ്.
 5. ബോര്‍ഡിന്റെ ഘടന-
  (1) ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിക്കുന്ന താഴെപ്പറയു അംഗങ്ങള്‍ ഉണ്ടായിരിക്കുതാണ്. അതായത്:-
  (a) നിര്‍ണ്ണയിക്കപ്പെടാവുന്നത്ര തൊഴിലുടമകളുടേയും, തൊഴിലാളികളുടേയും പ്രതിനിധികള്‍;
  (b) നിര്‍ണ്ണയിക്കപ്പെടാവുന്നത്ര ഉദ്യോഗസ്ഥന്‍മാരും അനുദ്യോഗസ്ഥന്‍മാരും;
  (c) എന്നാല്‍ ബോര്‍ഡില്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്.
  (2) ബോര്‍ഡിലെ അംഗങ്ങളില്‍ ഒരാളെ അതിന്റെ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കേണ്ടതാണ്.
  (3) ചെയര്‍മാന്‍, ഉള്‍പ്പെടെയുളള ബോര്‍ഡിന്റെ അംഗസംഖ്യ ഇരുപത്തഞ്ചില്‍ കവിയാന്‍ പാടില്ലാത്തതാകുന്നു.
 6. ചെയര്‍മാന്റേയു, മറ്റംഗങ്ങളുടേയും നിയമനം പരസ്യപ്പെടുത്തണമെന്ന്:- ചെയര്‍മാന്റേയും, ബോര്‍ഡിലെ മറ്റംഗങ്ങളുടേയും നിയമനം ഗസറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണ്
 7. അംഗങ്ങളുടെ ഔദ്യോഗിക കാലാവധി-: ഔദ്യോഗിക അംഗങ്ങളല്ലാത്ത ബോര്‍ഡിലെ അംഗങ്ങളുടെ ഉദ്യോഗ കാലാവധി അവരെ നിയമിക്കുന്ന തീയതി മുതല്‍ മൂന്നു വര്‍ഷത്തേയ്ക്ക് ആയിരിക്കുന്നതും അവര്‍ വീണ്ടും നിയമിക്കപ്പെടുതിന് അര്‍ഹരായിരിക്കുതുമാകുന്നു:
  എന്നാല്‍ ഒരംഗത്തിന്, തന്റെ പിന്‍ഗാമി നിയമിക്കപ്പെടുന്നതുവരെ അങ്ങനെയുളള അംഗമായി തുടരാവുന്നതാണ്.
 8. അയോഗ്യതകളും നീക്കം ചെയ്യലും-:
  (1) യാതൊരാളും അദ്ദേഹം- -
  (a) ബോര്‍ഡിന്റെ കീഴിലുളള ഒരു ഉദ്യോഗസ്ഥനോ ജീവനക്കാരനോ ആയിരിക്കുകയോ; അഥവാ
  (b) അവിമുക്തി നിര്‍ദ്ധനനായിരിക്കുകയോ; അഥവാ
  (c) സ്ഥിര ബുദ്ധിയില്ലാത്തവനായിരിക്കുകയോ; അഥവാ
  (d) ഒരു ക്രിമിനല്‍ കോടതിയില്‍ സദാചാരപരമായ ദുര്‍നടത്തം ഉള്‍പ്പെടുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും അപ്രകാരം ഉളള കുറ്റസ്ഥാപനം അസ്ഥിരപ്പെടുത്താതിരിക്കുകയും ചെയ്യുകയോ; അഥവാ,
  (e) ബോര്‍ഡിനു കിട്ടേണ്ട ഏതെങ്കിലും തുക കുടിശ്ശിക ഇട്ടിരിക്കുവനായിരിക്കുകയോ ആണെങ്കില്‍ ബോര്‍ഡിലെ ഒരംഗമായി തിരഞ്ഞെടുക്കപ്പെടുകയോ തുടരുകയോ ചെയ്യുവാന്‍ പാടില്ലാത്തതാകുന്നു.
  (2) സര്‍ക്കാരിന്-
  (a) (1)-ാം ഉപവകുപ്പില്‍ പറഞ്ഞിട്ടുളള ഏതെങ്കിലും അയോഗ്യതകള്‍ക്ക് വിധേയനായിരിക്കുകയോ വിധേയരായിത്തീരുകയോ ചെയ്യുകയോ; അഥവാ
  (b) ബോര്‍ഡിന്റെ തുടര്‍ച്ചയായ മൂന്നില്‍ കൂടുതല്‍ യോഗങ്ങളില്‍ ബോര്‍ഡിന്റെ അനുമതി കൂടാതെ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഏതെങ്കിലും അംഗത്തെ ഉദ്യോഗത്തില്‍ നി്ന്ന നീക്കം ചെയ്യാവുതാണ്.
 9. അംഗങ്ങള്‍ ഉദ്യോഗം രാജിവയ്ക്കലും, ആക്‌സിമിക-ഒഴിവുകള്‍ നികത്തലും:-
  (1) ഔദ്യേഗിക അംഗമല്ലാത്ത ഏതൊരംഗത്തിനും രേഖാമൂലമായ നോട്ടീസ് സര്‍ക്കാരിന് നല്‍കികൊണ്ട് തന്റെ ഉദ്യോഗം രാജിവയ്ക്കാവുന്നതും അപ്രകാരമുളള രാജി സ്വീകരിക്കുന്നതോടുകൂടി അദ്ദേഹം തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതുമാണ്.
  (2) ഒരംഗത്തിന്റെ സ്ഥാനത്തേയ്ക്കുളള ആകസ്മിക ഒഴിവ് കഴിയുന്നത്രവേഗം സര്‍ക്കാരിന് നികത്താവുന്നതും അങ്ങനെയുളള ഒഴിവ് നികത്തുന്നതിനുവേണ്ടി അപ്രകാരം നിയമിക്കപ്പെടുന്ന ഒരംഗം അദ്ദേഹം ആരുടെ സ്ഥാനമാണോ നികത്തിയത് ആ അംഗത്തിന്റെ ഉദ്യോഗിക കാലാവധിയില്‍, കഴിയാതെ അവശേഷിക്കുന്ന കാലത്തേയ്ക്ക് സ്ഥാനം വഹിക്കേണ്ടതുമാകുന്നു.
 10. കമ്മിറ്റികളെ നിയമിക്കുതിനുളള അധികാരം:-
  (1) ബോര്‍ഡിനെ അതിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുതിലും, പ്രത്യേകിച്ച് 17-ാം വകുപ്പ് (3)-ാം ഉപവകുപ്പില്‍ പറഞ്ഞിട്ടുളള ഏതെങ്കിലും സംഗതികള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരുതിലും ഉപദേശിക്കുതിനുവേണ്ടി ബോര്‍ഡിന് ഒാേ അതിലധികമോ കമ്മിറ്റികള്‍ രൂപീകരിക്കാവുതാണ്.
  (2) (1)-ാം ഉപവകുപ്പുപ്രകാരം രൂപീകരിച്ച ഓരോ കമ്മറ്റിയിലും ബോര്‍ഡിലെ കുറഞ്ഞത് ഒരംഗമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
 11. ബോര്‍ഡിന്റേയോ കമ്മിറ്റിയുടെയോ പ്രവൃത്തികള്‍ നടപടി പിശക്, ഒഴിവ് മുതലായവ മൂലം അസാധുവാക്കാന്‍ പാടില്ലെന്ന് ബോര്‍ഡോ ഏതെങ്കിലും കമ്മിറ്റിയോ ഈ ആക്റ്റു പ്രകാരം ചെയ്ത ഏതെങ്കിലും പ്രവൃത്തിയോ എടുത്ത നടപടിയോ-
  (a) ബോര്‍ഡിലോ കമ്മിറ്റിയിലോ ഉളള ഏതെങ്കിലും ഒഴിവോ അവയുടെ രൂപീകരണത്തിലുളള ഏതെങ്കിലും ന്യൂനതയോ; അഥവാ
  (b) അതിലെ അംഗമായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ നിയമനത്തില്‍ എന്തെങ്കിലും ന്യൂനതയോ ക്രമക്കേടോ; അഥവാ
  (c) സംഗതിയുടെ ഗുണദോഷങ്ങളെ ബാധിക്കാതെ അങ്ങനെയുളള പ്രവൃത്തിയിലോ നടപടിയിലോ എന്തെങ്കിലും ന്യൂനതയോ ക്രമക്കേടോ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം അസാധുവായിത്തീരുതല്ല.
 12. ബോര്‍ഡിന്റെ കൃത്യങ്ങള്‍- ഫണ്ടിന്റെ ഭരണവും ഈ ആക്റ്റുമൂലമോ അതുപ്രകാരമോ ബോര്‍ഡിന് ഏല്‍പ്പിച്ചുകൊടുക്കാവുന്ന അങ്ങനെയുളള ഇതര ചുമതലകളും ബോര്‍ഡിന്റെ കൃത്യങ്ങള്‍ ആയിരിക്കുന്നതാണ്.
 13. കൊടുത്തുതീര്‍ക്കാത്ത ശേഖരണങ്ങളും അവ സംബന്ധിച്ച തേര്‍ച്ചകളും-
  (1) കൊടുത്തു തീര്‍ക്കാത്ത എല്ലാ ശേഖരണങ്ങളും ഉപേക്ഷിക്കപ്പെട്ട വസ്തുവായി കരുതേണ്ടതാണ്.
  (2) 3-ാം വകുപ്പിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബോര്‍ഡിന് നല്‍കിയ കൊടുത്തുതീര്‍ക്കാത്ത ഏതെങ്കിലും ശേഖരണം, അപ്രകാരം നല്‍കുതോടെ, അതുസംബന്ധിച്ച് ഒരു തൊഴിലാളിക്ക് പണം നല്‍കുന്നതിന് തൊഴിലുടമയ്ക്കുളള ബാദ്ധ്യതയില്‍ നിന്ന് അയാളെ ഒഴിവാക്കുന്നതും എന്നാല്‍ ആയത് ബോര്‍ഡിന് നല്‍കിയ തുകയോളം മാത്രമായിരിക്കുന്നതും മേല്‍പ്പറഞ്ഞ പരിധിവരെ തൊഴിലാളിയ്ക്ക് പണം നല്‍കുന്നതിനുളള ബാദ്ധ്യത ഈ വകുപ്പില്‍ ഇതിനുശേഷം പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ബോര്‍ഡിന് കൈമാറ്റം ചെയ്യപ്പെട്ടതായി കരുതേണ്ടതുമാകുന്നു.

  (3)കൊടുത്തുതീര്‍ക്കാത്ത ഏതെങ്കിലും ശേഖരണം ബോര്‍ഡിന് നല്‍കിയതിനുശേഷം കഴിയുന്നതും വേഗം, ബോര്‍ഡ്,-
  (a)കൊടുത്തു തീര്‍ക്കാത്ത ശേഖരണം ആര്‍ജ്ജിച്ച സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടും;
  (b) കൊടുത്തു തീര്‍ക്കാനുളള ശേഖരണത്തിന്റെ തുക കണക്കിലെടുത്തുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധം ചെയ്തുകൊണ്ടും, നിര്‍ണ്ണയിക്കപ്പെടാവുന്ന മറ്റുവിധത്തിലും ഉളള നോട്ടിസുമൂലം തൊഴിലാളികളില്‍ നിന്നോ, അവരുടെ അവകാശികളില്‍ നിന്നോ, നിയമാനുസൃത പ്രതിനിധികളില്‍ നിന്നോ, തീറുകാരില്‍ നിന്നോ അവര്‍ക്ക് ലഭിക്കേണ്ട ഏതെങ്കിലും തുകകള്‍ സംബന്ധിച്ച് തേര്‍ച്ചകള്‍ ക്ഷണിക്കേണ്ടതാണ്.

  (4)(3)-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുളള നോട്ടീസ് മേല്‍പ്പറഞ്ഞ രീതിയില്‍ ഓരോ വര്‍ഷവും ജൂണിലും ഡിസംബറിലും കൊടുത്തുതീര്‍ക്കാത്ത ശേഖരണം ബോര്‍ഡിന് നല്കുന്ന തീയതി മുതല്‍ മൂന്നു വര്‍ഷക്കാലത്തേയ്ക്ക് നല്‍കേണ്ടതാണ്.
  (5) (3)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുളള നോട്ടീസ് പ്രസ്തുത ഉപവകുപ്പും (4)-ാം ഉപവകുപ്പും ആവശ്യപ്പെടുന്ന പ്രകാരം നല്‍കിയോ ഇല്ലയോ എന്ന പ്രശ്‌നം ഉദിക്കുകയാണെങ്കില്‍ അത് അപ്രകാരം കൊടുത്തു എന്നുളള ബോര്‍ഡിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് അന്തിമമായിരിക്കുതാണ്.
  (6) ഒരു തേര്‍ച്ച സംബന്ധിച്ച നോട്ടീസ് ആദ്യം പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ നാലു വര്‍ഷക്കാലത്തിനകം നോട്ടീസുകള്‍ അനുസരിച്ചോ മറ്റു വിധത്തിലോ ഒരു തേര്‍ച്ച ലഭിക്കുകയാണെങ്കില്‍, പ്രസ്തുത സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അധികാരപരിധിയുളളതും വേതനം നല്‍കുന്നത് സംബന്ധിച്ച 1936-ലെ ആക്റ്റ് (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) 15-ാം വകുപ്പു പ്രകാരം നിയമിക്കപ്പെട്ടതുമായ അധികാരസ്ഥാനത്തിന് പ്രസ്തുത തേര്‍ച്ച തീര്‍പ്പാക്കാന്‍ നടപടി എടുക്കേണ്ടതും പ്രസ്തുത തേര്‍ച്ച തീരുമാനിക്കേണ്ടതുമാകുന്നു.
  (7) (6)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുളള ഏതെങ്കിലും തേര്‍ച്ച കേള്‍ക്കുമ്പോള്‍, പ്രസ്തുത ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുളള അധികാര സ്ഥാനത്തിന് വേതനം നല്‍കുന്നത് സംബന്ധിച്ച 1936-ലെ ആക്റ്റ് (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) നല്‍കുന്ന അധികാരങ്ങളുണ്ടായിരിക്കുന്നതും അതില്‍ പറയുന്ന നടപടിക്രമം (അത് പ്രായോഗികമാകുന്നിടത്തോളം) പ്രസ്തുത അധികാരസ്ഥാനം അനുവര്‍ത്തിക്കേണ്ടതുമാകുന്നു.
  (8) അങ്ങനെയുളള ഏതെങ്കിലും തേര്‍ച്ച സാധുവാണെന്നും അപ്രകാരം പണം സ്വീകരിക്കുന്നതിനുളള അവകാശം സ്ഥാപിച്ചിരിക്കുകയാണെന്നും മേല്‍പ്പറഞ്ഞ അധികാരസ്ഥാനത്തിന് ബോദ്ധ്യപ്പെടുന്ന പക്ഷം, കൊടുത്തു തീര്‍ക്കാത്ത ഏത് ശേഖരണം സംബന്ധിച്ചാണോ തേര്‍ച്ച ഉന്നയിച്ചിട്ടുളളത് ആ ശേഖരണം ഉപേക്ഷിക്കപ്പെട്ട വസ്തുവായി കരുതുന്നത് അവസാനിപ്പിച്ചുകൊണ്ട് അത് തീര്‍പ്പു കല്‍പ്പിക്കേണ്ടതും തേര്‍ച്ച ചെയ്ത മുഴുവന്‍ കുടിശ്ശികയോ അഥവാ തൊഴിലാളിയ്ക്ക് യഥാവിധി കിട്ടേണ്ടതാണെന്ന് പ്രസ്തുത അധികാരസ്ഥാനം തീരുമാനിക്കുന്ന അങ്ങനെയുളള അതിന്റെ ഭാഗമോ തൊഴിലാളിക്ക് കൊടുക്കുന്നതിന് ബോര്‍ഡിന് ഉത്തരവു നല്‍കേണ്ടതും; അപ്രകാരം ബോര്‍ഡ് പണം കൊടുക്കേണ്ടതുമാകുന്നു. എന്നാല്‍ കൊടുത്തു തീര്‍ക്കാത്ത ശേഖരണം എന്ന നിലയില്‍ 3-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം ബോര്‍ഡിന് നല്‍കിയതില്‍ കവിഞ്ഞ യാതൊരു തുകയും പ്രസ്തുത തേര്‍ച്ച സംബന്ധിച്ച് കൊടുക്കുന്നതിന് ബോര്‍ഡ് ബാദ്ധ്യസ്ഥമായിരിക്കുതല്ല.
  (9) തുക നല്‍കുന്നതിനുവേണ്ടിയുളള ഒരു തേര്‍ച്ച നിരസിക്കപ്പെട്ടാല്‍ അതതുസംഗതിപോലെ, തൊഴിലാളികള്‍ക്കോ അയാളുടെ അവകാശിക്കോ, നിയമാനുസൃത പ്രതിനിധികള്‍ക്കോ അഥവാ തീറുകാര്‍ക്കോ, അധികാരസ്ഥാനത്തിന്റെ ഉത്തരവു ലഭിക്കുന്ന തീയതി മുതല്‍ അറുപത് ദിവസത്തിനകം ജില്ലാ കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്.
  (10) ജില്ലാക്കോടതി മുമ്പാകെയുളള അപ്പീലിനു വിധേയമായി അധികാരസ്ഥന്റെ തീരുമാനവും, അപ്പീലിന്‍മേല്‍ ജില്ലാക്കോടതിയുടെ തീരുമാനവും, തുക കൈപ്പറ്റുന്നതിനുളള അവകാശത്തേയും തുക നല്‍കുന്നതിന് ബോര്‍ഡിനുളള ബാദ്ധ്യതയേയും, തുക വല്ലതുമുണ്ടെങ്കില്‍ അതിനേയും സംബന്ധിച്ചിടത്തോളം അവസാനത്തേയും തര്‍ക്കമറ്റതുമായിരിക്കുന്നതാണ്.
  (11) (6)-ാം ഉപവകുപ്പില്‍ പറഞ്ഞിട്ടുളള സമയത്തിനകം യാതൊരു തേര്‍ച്ചയും ലഭിക്കാത്തപക്ഷമോ അഥവാ അധികാരസ്ഥാനമോ അപ്പീലിന്‍ മേല്‍ ജില്ലാക്കോടതിയോ ഒരു തേര്‍ച്ച നിരസിക്കു പക്ഷമോ, അങ്ങനെയുളള തേര്‍ച്ച സംബന്ധിച്ച കൊടുത്തുതീര്‍ക്കാത്ത ശേഖരണങ്ങള്‍ ഉടമയില്ലാത്ത വസ്തുക്കളെ നിലയില്‍ സംസ്ഥാനത്തിലേയ്ക്ക് മുതല്‍ കൂട്ടുന്നതും അതില്‍ നിക്ഷിപ്തമാകുന്നതും അതിനുശേഷം ഫണ്ടിലേയ്ക്ക് മാറ്റം ചെയ്തതായും അതിന്റെ ഭാഗമായതായും കരുതുന്നതുമാണ്.
 14. കൊടുത്തു തീര്‍ക്കാത്ത ശേഖരണങ്ങളിന്‍മേലോ പിഴകളിന്‍മേലോ ഡിമാന്റ് നോട്ടീസിന് ശേഷമുളള പലിശ- :
  (1)ഈ ആക്റ്റു മൂലമോ അതു പ്രകാരമോ പറഞ്ഞിട്ടുളള സമയത്തിനകം, ഒരു തൊഴിലുടമ കൊടുത്തു തീര്‍ക്കാത്ത ശേഖരണത്തിലെ ഏതെങ്കിലും തുകയോ അഥവാ തൊഴിലാളികളില്‍ നിന്നും ഈടാക്കിയ പിഴകളോ ബോര്‍ഡിന് നല്‍കാത്ത പക്ഷം കമ്മീഷണര്‍ക്ക്, നോട്ടീസില്‍ പറയുന്ന തീയതിക്കകം തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള ഒരു നോട്ടീസ് അങ്ങനെയുളള തൊഴിലുടമയുടെ മേല്‍ നടത്തുകയോ നടത്തിക്കുകയോ ചെയ്യാവുന്നതും പ്രസ്തുത തീയതി അങ്ങനെയുളള നോട്ടീസ് നടത്തുന്ന തീയതി മുതല്‍ മുപ്പത് ദിവസത്തില്‍ കുറയാന്‍ പാടില്ലാത്തതുമാകുന്നു.

  (2) തൊഴിലുടമ മതിയായ കാരണം കൂടാതെ നോട്ടീസില്‍ പറയുന്ന തീയതിക്കകം അങ്ങനെയുളള ഏതെങ്കിലും തുക കൊടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം, അയാള്‍ പ്രസ്തുത തുകയ്ക്ക് പുറമേ പിഴയായി-
  (1) ആദ്യത്തെ മൂന്നു മാസത്തേയ്ക്ക്, നോട്ടീസനുസരിച്ച് അയാള്‍ അത് നല്‍കേണ്ടിയിരുന്ന അവസാന ദിവസത്തിനുശേഷം, ഓരോ മുഴുവന്‍ മാസത്തേയ്‌ക്കോ അതിന്റെ ഭാഗത്തിനോ, പ്രസ്തുത തുകയുടെ രണ്ടു ശതമാനവും.
  (2)അതിനുശേഷമുളള ഓരോ മുഴുവന്‍ മാസത്തിനോ അതിന്റെ ഭാഗത്തിനോ, പ്രസ്തുത തുക കൊടുക്കുന്നതിന്, അയാള്‍ വീഴ്ച വരുത്തു കാലത്തേയ്ക്ക് പ്രസ്തുത തുകയുടെ അഞ്ചു ശതമാനവും ബോര്‍ഡിന് ക്രമപ്പലിശ കൊടുക്കേണ്ടതാണ്;
  എന്നാല്‍ സര്‍ക്കാരിന് നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതെങ്കിലും കാലം സംബന്ധിച്ചുളള പിഴയുടെ മുഴുവനുമായോ ഏതെങ്കിലും ഭാഗമോ ഇളവു ചെയ്തു കൊടുക്കാവുന്നതാണ്.
 15. തൊഴിലാളികളും തൊഴിലുടമകളും ഫണ്ടിലേയ്ക്ക് നല്‍കുന്ന അംശദാനം-:
  (1) ഓരോ തൊഴിലാളിയും അര്‍ദ്ധവര്‍ഷത്തേയ്ക്ക് അന്‍പതു പൈസ ഫണ്ടിലേയ്ക്ക് അംശദാനം നല്‌കേണ്ടതും ഓരോ തൊഴിലുടമയും അങ്ങനെയുളള ഓരോ തൊഴിലാളിയേയും സംബന്ധിച്ച് അര്‍ദ്ധ വര്‍ഷത്തേയ്ക്ക് ഒരു രൂപ ഫണ്ടിലേയ്ക്ക് അംശദാനം നല്‍കേണ്ടതുമാകുന്നു.
  (2) ഓരോ തൊഴിലുടമയും ഓരോ വര്‍ഷവും ജൂലൈ 15-ാം തീയതിക്കും ജനുവരി 15-ാം തീയതിക്കും മുമ്പ് തൊഴിലുടമയുടെ അംശദാനവും തൊഴിലാളിയുടെ അംശദാനവും ഫണ്ടില്‍ അടയ്‌ക്കേണ്ടതാണ്.
  (3) തല്‍സമയം പ്രാബല്യത്തിലുളള, മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, തൊഴിലാളിയുടെ അംശദാനം അയാളുടെ വേതനത്തില്‍ കുറവു വരുത്തിയോ അഥവാ നിര്‍ണ്ണയിക്കപ്പെടാവുന്ന മറ്റുവിധത്തിലോ തൊഴിലാളികളില്‍ നിന്ന് വസൂലാക്കുന്നതിന് തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുളള കുറവ് വരുത്താന്‍ വേതനം നല്‍കുന്നത് സംബന്ധിച്ച് 1936 ലെ ആക്റ്റ് (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) മുലമോ അതുപ്രകാരമോ അധികാരപ്പെടുത്തപ്പെട്ട ഒരു കുറവു വരുത്തലായി കരുതേണ്ടതുമാകുന്നു.
 16. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളും മൂന്‍കൂറുകളും- :സര്‍ക്കാരിന് ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി ഓരോ കാര്യത്തിലും സര്‍ക്കാര്‍ നിശ്ചയിക്കാവുന്ന തിട്ടങ്ങളും വ്യവസ്ഥകളും പ്രകാരം ബോര്‍ഡിന് ഗ്രാന്റു നല്‍കുകയോ മുന്‍കൂര്‍ വായ്പകള്‍ നല്‍കുകയോ ചെയ്യാവുന്നതാണ്.
 17. ഫണ്ടിന്റെ നിക്ഷിപ്തമാക്കലും വിനിയോഗവും:-
  (1) The Fund ഈ ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിധേയമായും അതിലെ ആവശ്യങ്ങള്‍ക്കുവേണ്ടിയും; ട്രസ്റ്റിമാര്‍ എന്ന നിലവില്‍ ബോര്‍ഡില്‍ ഫണ്ട് നിക്ഷിപ്തമാകുന്നതും ആ നിലവില്‍ ബോര്‍ഡ് അത് കൈവശം വക്കുകയും വിനിയോഗിക്കുകയും ചെയ്യേണ്ടതുമാകുന്നു.
  (2)ഫണ്ടിലുളള തുകകള്‍ ജീവനക്കാരുടേയും അവരുടെ ആശ്രിതരുടേയും ക്ഷേമം വളര്‍ത്തുന്നതിന് സര്‍ക്കാര്‍ അതതുസമയം പറയാവുന്ന നടപടികള്‍ നടപ്പിലാക്കുതിനുളള ചെലവുകള്‍ക്കായി ബോര്‍ഡ് വിനിയോഗിക്കേണ്ടതാണ്. (3) (1)ഉം (2)ഉം ഉപവകുപ്പുകളിലെ വ്യവസ്ഥകളുടെ സാമാന്യതക്ക് ദൂഷ്യം കൂടാതെ, ഫണ്ടിലുളള തുകകള്‍, ബോര്‍ഡിന് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള ചെലവുകള്‍ക്കായി ഉപയോഗിക്കാവുന്നതാണ്, അതായത്:-
  (a) വായനശാലകളും ഗ്രന്ഥശാലകളും ഉള്‍പ്പെടെയുളള സാമൂദായികവും സാമൂഹ്യവുകമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍;
  (b) കളികളും, കായികാഭ്യാസങ്ങളും
  (c) തൊഴില്‍ സംബന്ധമായ പരിശീലനം;
  (d) സാമൂഹ്യ ആവശ്യങ്ങള്‍;
  (e) വിനോദങ്ങളും മറ്റു വിനോദപരിപാടികളും
  (f) ക്ഷയരോഗികള്‍ക്കു വേണ്ടിയുളള രോഗശമന ഗൃഹങ്ങള്‍
  (g) ആരോഗ്യ സങ്കേതങ്ങളില്‍ ഒഴിവുകാല വാസസ്ഥലങ്ങള്‍
  (h) ജീവനക്കാരുടെ ഗൃഹനായികമാര്‍ക്ക് പാര്‍ട്ട്‌ടൈം ജോലി;
  (i) ഫ്രീ സ്‌ക്കൂളുകള്‍;
  (j) ഉന്നത വിദ്യാഭ്യാസം;
  (k) ജീവനക്കാരുടെ കുട്ടികള്‍ക്ക് പോഷകാഹാരം;
  (l) സര്‍ക്കാരിന്റെ അഭിപ്രായത്തില്‍, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും സാമൂഹ്യവ്യവസ്ഥിതി അഭിവൃദ്ധിപ്പെടുത്തുന്നതുമായ അങ്ങനെയുളള മറ്റു സംഗതികള്‍.
  (m) എന്നാല്‍ നിലവിലിരിക്കുന്ന ഏതെങ്കിലും നിയമപ്രകാരം തൊഴിലുടമ നിര്‍വ്വഹിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടിട്ടുളള ഏതെങ്കിലും നടപടിക്ക് ധനസഹായം ചെയ്യുതിലേയ്ക്കായി ഈ ഫണ്ട് ഉപയോഗിക്കാന്‍ പാടുളളതല്ല.
  (n) എന്നു മാത്രമല്ല വേതനം നല്‍കുന്നതു സംബന്ധിച്ച 1936-ലെ ആക്റ്റിലോ (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) അഥവാ തല്‍സമയം പ്രാബല്യത്തിലുളള മറ്റേതെങ്കിലും നിയമത്തിലോ, കരാറിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റു പ്രകാരം കൊടുത്തുതീര്‍ക്കാത്ത ശേഖരണങ്ങളും പിഴകളും ബോര്‍ഡ് ചെലവാക്കേണ്ടതാണ്.
  (4)ബോര്‍ഡിന്, സര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടി ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടിയുളള ഏതെങ്കിലും പ്രവര്‍ത്തനത്തിനുളള സഹായമായി ഏതെങ്കിലും തദ്ദേശാധികാരസ്ഥാപനത്തിലോ അഥവാ മറ്റെതെങ്കിലും സമിതിക്കോ ഫണ്ടില്‍ നിന്നും ഗ്രാന്റുകള്‍ കൊടുക്കാവുന്നതാണ്.
  (5) ഏതെങ്കിലും പ്രത്യേക ചെലവ് ഫണ്ടില്‍ നിന്നും ചെലവു ചെയ്യാവുന്നതാണോ അല്ലയോ എന്നുളള ഏതെങ്കിലും പ്രശ്‌നം ഉദിക്കുകയാണെങ്കില്‍ ആ സംഗതി സര്‍ക്കാരിന്റെ അഭിപ്രായത്തിന് അയക്കേണ്ടതും അതിന്‍മേലുളള സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുതുമാണ്.
  (6) ബോര്‍ഡിന് ഏതെങ്കിലും സ്ഥാപനത്തിന്റെ തൊഴിലാളിക്ഷേമ ഫണ്ടിന്റെ കൈമാറ്റം സ്വീകരിക്കാവുന്നതും, പ്രസ്തുത ഫണ്ട് ബോര്‍ഡിന് യഥാവിധി കൈമാറ്റം ചെയ്തിട്ടുളളതാണെങ്കില്‍ പ്രസ്തുത തൊഴിലാളി ക്ഷേമ ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനം തുടരാവുന്നതാണ്.
 18. കടം വാങ്ങുന്നതിനുളള ബോര്‍ഡിന്റെ അധികാരം:-ബോര്‍ഡിന് കലാകാലങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍ അനുമതിയോടുകൂടിയും ഈ ആക്റ്റിലെ വ്യവസ്ഥകള്‍ക്കും, ഇതിലേയ്ക്കായി നിര്‍ണ്ണയിക്കാവുന്ന അങ്ങനെയുളള വ്യവസ്ഥകള്‍ക്കും വിധേയമായും ഈ ആക്റ്റിന്റെ ഉദ്ദേശങ്ങള്‍ക്കാവശ്യമായ എന്തു തുകയും കടം വാങ്ങാവുതാണ്.
 19. .ഫണ്ട് നിക്ഷേപിക്കലും കണക്കുകളും ആഡിറ്റ് റിപ്പോര്‍ട്ടും സംസ്ഥാന നിയമസഭ മുമ്പാകെ വെക്കലും:-
  (1) ഫണ്ടിന്റെ ഭാഗമായ എല്ലാ തുകകളും വരവുകളും, സര്‍ക്കാരിന്റെ മുന്‍ അനുമതിയോടെ 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്റ്റ് (1955-ലെ 23-ാം കേന്ദ്ര ആക്റ്റ്) പ്രകാരം സ്ഥാപിച്ചിട്ടുളള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയിലോ, 1959-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (സബ്‌സിഡിയറി ബാങ്കുകള്‍) ആക്റ്റ് (1959-ലെ 38-ാം കേന്ദ്ര ആക്റ്റ്) 2-ാം വകുപ്പ് (കെ) ഖണ്‍ഡത്തിന്റെ അര്‍ത്ഥ വ്യാപ്തിക്കുളളില്‍ വരുന്ന ഏതെങ്കിലും സബ്‌സിഡിയറി ബാങ്കിലോ, 1970-ലെ ബാങ്കിംഗ് കമ്പനികള്‍ (സംരംഭങ്ങള്‍ വിലക്കെടുക്കലും കൈമാറ്റം ചെയ്യലും) ആക്റ്റില്‍ (1970-ലെ 5-ാം കേന്ദ്ര ആക്റ്റ്) നിര്‍വ്വചിച്ച പ്രകാരമുളള തല്‍സ്ഥാനീയമായ, ഏതെങ്കിലും പുതിയ ബാങ്കിലോ, ഏതെങ്കിലും ജില്ലാ സഹകരണബാങ്കിലോ അഥവാ ട്രഷറി സേവിംഗ്‌സ് ബാങ്കിലോ നിക്ഷേപിക്കേണ്ടതും, അങ്ങനെയുളള കണക്കുകള്‍ ബോര്‍ഡ് അധികാരപ്പെടുത്താവുന്ന ബോര്‍ഡിലെ അങ്ങനെയുളള ഉദ്യോഗസ്ഥന്‍മാര്‍, നിര്‍ണ്ണയിക്കപ്പെടാവുന്നവിധം കൈകാര്യം ചെയ്യേണ്ടതുമാകുന്നു.
  (2) ആഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ പ്രകാരത്തിലുളള ബോര്‍ഡിന്റെ കണക്കുകള്‍ അതിന്റെ ആഡിറ്റ് റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിന് വര്‍ഷം തോറും അയച്ചുകൊടുക്കേണ്ടതും അതിനെ സംബന്ധിച്ച് സര്‍ക്കാരിന് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന പ്രകാരത്തിലുളള നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡിന് നല്‍കാവുന്നതും, ബോര്‍ഡ് അങ്ങനെയുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
  (3) (2)-ാം ഉപവകുപ്പു പ്രകാരം സര്‍ക്കാരിന് അയച്ചുകൊടുക്കുന്ന ബോര്‍ഡിന്റെ കണക്കുകള്‍ അതിന്‍മേലുളള ആഡിറ്റ് റിപ്പോര്‍ട്ടു സഹിതം വര്‍ഷം തോറും സംസ്ഥാന നിയമസഭ മുമ്പാകെ വയ്ക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്യേണ്ടതാകുന്നു
 20. ഫണ്ടിന്റെ നിക്ഷേപം:-
  ഫണ്ടോ അഥവാ അതിന്റെ ഏതെങ്കിലും ഭാഗമോ ഈ ആക്റ്റില്‍ പരാമര്‍ശിച്ചിട്ടുളള ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി കഴിയുന്നതും നേരത്തെ വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബോര്‍ഡ്, അത് 1882-ലെ ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്റ്റ് (1882-ലെ 2-ാം കേന്ദ്ര ആക്റ്റ്) 20-ാം വകുപ്പ്, (എ) മുതല്‍ (ഡി) വരെയും (എഫ്) ഖണ്‍ഡങ്ങളില്‍ പറഞ്ഞിട്ടുളള ഏതെങ്കിലും സെക്യൂരിറ്റികളില്‍ നിക്ഷേപിക്കേണ്ടതാണ്.
 21. ബോര്‍ഡിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുളള സര്‍ക്കാരിന്റെ അധികാരം:- ഫണ്ടില്‍ നിന്നുളള ചെലവിനെ സംബന്ധിച്ചോ അഥവാ ഈ ആക്റ്റിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയോ സര്‍ക്കാരിന് ആവശ്യമാണെന്നോ യുക്തമെന്നോ അവര്‍ക്കഭിപ്രായമുളള നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡിന് നല്‍കാവുന്നതും അങ്ങനെയുളള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടത് ബോര്‍ഡിന്റെ കര്‍ത്തവ്യമായിരിക്കുന്നതുമാണ്.
 22. കമ്മീഷണറുടെ നിയമനവും അധികാരങ്ങളും:-
  (1) സര്‍ക്കാരിന് ഗസറ്റില്‍ പരസ്യം മുലം, ഒരു തൊഴിലാളിക്ഷേമനിധി കമ്മീഷണരെ നിയമിക്കാവുന്നതും അദ്ദേഹം ബോര്‍ഡിന്റെ മുഖ്യ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍ ആയിരിക്കുന്നതുമാണ്.
  (2) കമ്മീഷണരുടെ നിയമനവും സര്‍വ്വിസും സംബന്ധിച്ച വ്യവസ്ഥകളും ശമ്പളസ്‌കെയിലും നിര്‍ണ്ണയിക്കപ്പെടാവുന്ന പ്രകാരത്തിലായിരിക്കുന്നതാണ്.
  (3)ഈ ആക്റ്റിലേയും അതു പ്രകാരമുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ യഥാവിധി നടപ്പാക്കുന്നത് ഉറപ്പു വരുത്തേണ്ടത് കമ്മീഷണറുടെ ചുമതലയായിരിക്കുന്നതും ഈ ആവശ്യത്തിലേക്കായി ഈ ആക്ടോ അതു പ്രകാരമുണ്ടാക്കിയിട്ടുളള ചട്ടങ്ങളോ പ്രകാരം ബോര്‍ഡ് എടുത്തിട്ടുളള തീരുമാനങ്ങള്‍ നടപ്പിലാക്കുതിനുളള ഏതെങ്കിലും ഉത്തരവ്, ഉള്‍പ്പെടെ ഈ ആക്റ്റിലേയും അതുപ്രകാരമുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്തതും, യുക്തമെന്ന് അദ്ദേഹം കരുതുതുമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുളള അധികാരം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നതുമാണ്.
 23. ധനകാര്യ ഉദ്യോഗസ്ഥന്‍ (ഫൈനാന്‍സ് ഓഫീസര്‍)-
  (1) സര്‍ക്കാര്‍, ഗസറ്റില്‍ വിജ്ഞാപനം മൂലം നിയമിക്കുന്ന ഒരു ധനകാര്യ ഉദ്യോഗസ്ഥന്‍ ബോര്‍ഡിന് ഉണ്ടായിരിക്കുന്നതാണ്.
  (2) ധനകാര്യ ഉദ്യോഗസ്ഥന്‍, നിര്‍ണ്ണയിക്കപ്പെടാവുന്ന പ്രകാരത്തിലുളള അധികാരങ്ങള്‍ വിനിയോഗിക്കുകയും, കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതാണ്.
  (3)ധനകാര്യ ഉദ്യോഗസ്ഥന്റെ നിയമനത്തിന്റെയും സേവനത്തിന്റെയും വ്യവസ്ഥകളും ശമ്പളസ്‌ക്കെയിലും നിര്‍ണ്ണയിക്കപ്പെടാവുന്ന പ്രകാര ത്തിലായിരിക്കുന്നതാണ്.
 24. ഇന്‍സ്‌പെക്റ്റര്‍മാര്‍:-
  (1) സര്‍ക്കാരിന്, ഗസറ്റില്‍ വിജ്ഞാപനം മൂലം, അനുയോജ്യരായി അവര്‍ കരുതുന്നവരും, നിര്‍ണ്ണയിക്കപ്പെടാവുന്ന പ്രകാരത്തിലുളള യോഗ്യതകളുളളവരുമായ ആളുകളെ ഈ ആക്റ്റിന്റെ ആവശ്യങ്ങള്‍ക്കായി ഇന്‍സ്‌പെക്റ്റര്‍മാരായി നിയമിക്കാവുന്നതും, ഏതു പ്രാദേശികാതിര്‍ത്തിക്കകത്തും ഏതെല്ലാം സ്ഥാപനങ്ങളെ സംബന്ധിച്ചും അവര്‍ അവരുടെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് നിര്‍വ്വചിക്കാവുന്നതുമാണ്.
  (2) ഈ കാര്യത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുളള ഏതെങ്കിലും ചട്ടങ്ങള്‍ക്ക് വിധേയമായി, ഒരു ഇന്‍സ്‌പെക്ടര്‍ക്ക്, ഏതു പ്രദേശത്തെ സംബന്ധിച്ചാണോ അദ്ദേഹത്തെ നിയമിച്ചിട്ടുളളത് അതിന്റെ അതിര്‍ത്തിക്കുളളില്‍ താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ കാര്യങ്ങള്‍ ചെയ്യുന്നതിന് അധികാര മുണ്ടായിരിക്കുന്നതാണ്, അതായത്:-
  (a) ഈ ആക്റ്റിലെ വ്യവസ്ഥകള്‍ അനുസരിക്കപ്പെട്ടിരുന്നുവോ എന്നതും അനുസരിക്കുന്നുണ്ടോ എന്നതും ഉറപ്പു വരുത്തുന്നതിന് ആവശ്യമാകാവുന്ന പ്രകാരത്തിലുളള പരിശോധന ചെയ്യുകയും അന്വേഷണം നടത്തുകയും:
  (b) ഫണ്ടിലേയ്ക്ക് നല്‍കാനുളള തുക സംബന്ധിച്ച് തൊഴിലുടമയുടെ കൈവശമുളള നിര്‍ണ്ണയിക്കപ്പെട്ട ഏതെങ്കിലും രജിസ്റ്ററും മറ്റേതെങ്കിലും പ്രമാണവും ഹാജരാക്കുതിന് ആവശ്യപ്പെടുക:
  (c) യുക്തമെന്ന് താന്‍ കരുതാവുന്നത്ര സഹായികളോടുകൂടി ന്യായമായ എല്ലാ സമയത്തും ഏതു പരിസരങ്ങളിലും പ്രവേശിക്കുക.
  (d) നിര്‍ണ്ണയിക്കപ്പെടാവുന്ന പ്രകാരത്തിലുളള മറ്റ് അധികാരങ്ങള്‍ വിനിയോഗിക്കുക.
 25. ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം:-
  (1) ഈ ആക്റ്റു പ്രകാരമുളള അതിന്റെ കൃത്യങ്ങള്‍ നടത്തുന്നതിലേക്കാവശ്യമാകാവുന്നത്രയും എണ്ണം ഉദ്യോഗസ്ഥന്‍മാരെയും മറ്റു ജീവനക്കാരെയും ബോര്‍ഡ് നിയമിക്കേണ്ടതാണ്.
  (2) (1)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുളള ഉദ്യോഗസ്ഥന്‍മാരുടേയും ജീവനക്കാരുടേയും നിയമനം, സേവനം എന്നിവയുടെ വ്യവസ്ഥകളും ശമ്പളസ്‌കെയിലും ബോര്‍ഡ് ഉണ്ടാക്കുന്ന റഗുലേഷനുകള്‍ മൂലം നിര്‍ണ്ണയിക്കാവുന്ന പ്രകാരത്തിലായിരിക്കേണ്ടതാണ്.
 26. സര്‍ക്കാരിനും അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്കും റിക്കാര്‍ഡുകള്‍ മുതലായവ ആവശ്യപ്പെടുന്നതിനുളള അധികാരം:- സര്‍ക്കാരിനോ ഈ ആവശ്യാര്‍ത്ഥം സര്‍ക്കാരിനാല്‍ അധികാരപ്പെടുത്തപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥനോ ബോര്‍ഡിന്റെ റിക്കാര്‍ഡുകള്‍ ആവശ്യപ്പെടുകയും അവ പരിശോധിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മേല്‍നോട്ടം വഹിക്കുകയും ചെയ്യാവുന്നതാണ്.
 27. 27.ബോര്‍ഡിന് ലഭിക്കേണ്ട തുകകള്‍ വസൂലാക്കുന്നവിധം:- ഈ ആക്റ്റു പ്രകാരം ബോര്‍ഡിന് നല്‍കേണ്ടതോ അഥവാ ഫണ്ടിലേയ്ക്ക് കൊടുക്കേണ്ടതോ ആയ ഏതൊരു തുകയും, മറ്റ് ഏതെങ്കിലും വിധത്തിലുളള വസൂലാക്കലിന് ദൂഷ്യം കൂടാതെ, ബോര്‍ഡിനു വേണ്ടി ഭൂമിയിന്‍മേലുളള പൊതു നികുതി കുടിശ്ശിക എന്ന പോലെ വസൂലാക്കേണ്ടതാണ്.
 28. ഇന്‍സ്‌പെക്റ്ററെ തടസ്സപ്പെടുത്തുന്നതിനോ അഥവാ പ്രമാണങ്ങള്‍ മുതലായവ ഹാജരാക്കുന്നതിന് വീഴ്ച വരുത്തുന്നതിനോ ഉളള ശിക്ഷ- മന:പൂര്‍വ്വം ഇന്‍സ്‌പെക്ടറെ, ഈ ആക്റ്റു പ്രകാരമുളള അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കുകയോ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുകയോ അഥവാ ഈ ആക്റ്റിലേയോ അതുപ്രകാരമുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലേയോ വ്യവസ്ഥകള്‍ പ്രകാരം വെച്ചുപോരുന്ന ഏതെങ്കിലും രജിസ്റ്ററോ, രേഖയോ മറ്റു പ്രമാണങ്ങളോ ഇന്‍സ്‌പെക്റ്റര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുന്നതിനോ അപ്രകാരമുളള ഏതെങ്കിലും പ്രമാണങ്ങളുടെ ശരിപ്പകര്‍പ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നതിനോ വീഴ്ച വരുത്തുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും, കുറ്റസ്ഥാപനത്തിന്‍മേല്‍-
  (a) പ്രഥമ കുറ്റത്തിന് മൂന്നുമാസത്തോളം വരാവുന്ന തടവോ അഥവാ അഞ്ഞൂറുരൂപവരെ വരാവുന്ന പിഴയോ അഥവാ ഇവ രണ്ടും കൂടിയോ;
  (b) രണ്ടാമത്തേയോ തുടര്‍ന്നുളളതോ ആയ കുറ്റത്തിന് ആറുമാസത്തോളം വരാവുന്ന തടവോ അഥവാ ആയിരം രൂപയോളം വരാവുന്ന പിഴയോ അഥവാ അവ രണ്ടും കൂടിയോ;

  ഉളള ശിക്ഷ നല്‍കേണ്ടാണ്. എന്നാല്‍, വിരുദ്ധമായി കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞിരിക്കേണ്ട പ്രത്യേകമായതും മതയായതുമായ കാരണങ്ങളുടെ അഭാവത്തില്‍, കുറ്റം ചെയ്ത ആള്‍ക്ക് പിഴശിക്ഷമാത്രം വിധിച്ച ഏതെങ്കിലും കേസില്‍ പിഴസംഖ്യ അന്‍പതു രൂപയില്‍ കുറയാന്‍ പാടില്ലാത്തതാകുന്നു.

 29. കുറ്റം വിചാരണയ്‌ക്കെടുക്കല്‍:-
  (1) No ഈ ആക്റ്റുമൂലം ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റം കമ്മീഷണരുടേയോ അഥവാ കമ്മീഷണരുടെ രേഖാമൂലമായ മുന്‍ അനുമതിയോടുകൂടിയതോ ആയ ഒരു പരാതിയിന്‍മേലല്ലാതെ യാതൊരു കോടതിയും വിചാരണയ്‌ക്കെടുക്കുവാന്‍ പാടുളളതല്ല.
  (2) ഈ ആക്റ്റുമൂലം ശിക്ഷിക്കപ്പെടാവുന്ന ഏതൊരു കുറ്റവും ഒന്നാം ക്ലാസ്സ് മജിസ്‌റ്റ്രേട്ടു കോടതിക്ക് താഴെയുളള യാതൊരു കോടതിയും വിചാരണചെയ്യാന്‍ പാടില്ലാത്തതാകുന്നു.
 30. കമ്പനികള്‍ ചെയ്യുന്ന കുറ്റങ്ങള്‍:-
  (1) ഈ ആക്റ്റു പ്രകാരമുളള ഒരു കുറ്റം ഒരു കമ്പനി ചെയ്തിട്ടുളള പക്ഷം, കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ ചാര്‍ജ്ജ് വഹിക്കുകയും കമ്പനിയുടെ നടത്തിപ്പിന് കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, കമ്പനിയും കുറ്റം ചെയ്തതായി കരുതപ്പെടുന്നതും, അതനുസരിച്ച്, അവര്‍ക്കെതിരായി നടപടി എടുക്കപ്പെടാനും ശിക്ഷിക്കപ്പെടാനും അവര്‍ വിധേയരോ, വിധേയമോ ആയിരിക്കുന്നതുമാകുന്നു. എന്നാല്‍ അങ്ങനെയുളള ഏതെങ്കിലും ആള്‍ തന്റെ അറിവുകൂടാതെയാണ് കുറ്റം ചെയ്യപ്പെട്ടതെന്നോ അഥവാ കുറ്റം ചെയ്യുന്നത് തടയാനായി ന്യായമായ എല്ലാ ജാഗ്രതയും താന്‍ കാണിച്ചിരുന്നുവെന്നോ തെളിയിക്കുകയാണെങ്കില്‍, ഈ ഉപവകുപ്പില്‍ അടങ്ങിയിട്ടുളള യാതൊന്നും തന്നെ ഈ ആക്റ്റില്‍ വ്യവസ്ഥ ചെയ്തിട്ടുളള ഏതെങ്കിലും ശിക്ഷയ്ക്ക് അയാളെ വിധേയനാക്കുന്നതല്ല.
  (2) (1)-ാം ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റുപ്രകാരമുളള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും ആ കുറ്റം കമ്പനിയുടെ ഏതെങ്കിലും ഡയറക്റ്ററുടെയോ, മാനേജരുടേയോ, സെക്രട്ടറിയുടേയോ, മറ്റുദ്യോസ്ഥന്റെയോ സമ്മതത്തോടുകൂടിയോ മൗനാനുവാദത്തോടുകൂടിയോ അഥവാ അയാളുടെ ഭാഗത്തുനിന്നുളള ഉപേക്ഷ മൂലമോ ആണ് ചെയ്തിട്ടുളളതെന്ന് തെളിയിക്കുകയും ചെയ്യുന്ന പക്ഷം പ്രസ്തുത ഡയറക്റ്റരോ, മാനേജരോ, സെക്രട്ടറിയോ, മറ്റുദ്യോഗസ്ഥനോ ആ കുറ്റത്തിന് അപരാധിയാണെന്ന് കരുതപ്പെടേണ്ടതും അതനുസരിച്ച് നടപടി എടുക്കപ്പെടാനും ശിക്ഷിക്കപ്പെടാനും അയാള്‍ വിധേയനായിരിക്കുന്നതുമാകുന്നു.
  വിശദീകരണം- ഈ വകുപ്പിന്റെ ആവശ്യത്തിനായി-
  (a) കമ്പനി ഒരു ഏകാംഗയോഗം എന്നര്‍ത്ഥമാകുന്നതും അതില്‍ ഒരു കച്ചവടയോഗമോ വ്യക്തികളുടെ മറ്റു സംഘടനയോ ഉള്‍പ്പെടുന്നതുമാകുന്നു. (b) ഒരു കച്ചവടയോഗത്തെ സംബന്ധിച്ചിടത്തോളം ഡയറക്ടര്‍ എന്നാല്‍ കച്ചവടയോഗത്തിലെ ഒരു പങ്കാളി എര്‍ത്ഥമാകുന്നു.
 31. ശിക്ഷാ നടപടിയെടുക്കുന്നതിനുളള കാലഹരണം:- ഈ ആക്റ്റു മൂലമോ അതുപ്രകാരമോ ശിക്ഷാര്‍ഹമായ ഒരു കുറ്റം, ആ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനകം പരാതി ബോധിപ്പിച്ചിട്ടില്ലെങ്കില്‍ യാതൊരു കോടതിയും വിചാരണ ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
 32. സ്ഥാപനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനുളള അധികാരം:- ഏതെങ്കിലും സ്ഥാപനത്തില്‍ അതിലെ തൊഴിലാളികളുടെ ക്ഷേമാഭിവൃദ്ധിക്കുവേണ്ടി പ്രത്യേകം മാറ്റിവച്ചിട്ടുളള ഏതെങ്കിലും തുക സംബന്ധിച്ച് ബോര്‍ഡിന്-
  (i) അങ്ങനെയുളള തുക അങ്ങനെയുളള ആവശ്യത്തിനുവേണ്ടിയാണോ ഉപയോഗിച്ചത് എന്ന് സ്വയം ബോദ്ധ്യം വരുത്തുന്നതിനായി അങ്ങനെയുളള തുക സംബന്ധിച്ച് ആ സ്ഥാപനത്തിന്റെ ഉടമയുടെ കൈവശമുളള ഏതെങ്കിലും പ്രമാണം ഹാജരാക്കുന്നതിന് ആവശ്യപ്പെടുതിനും:
  (ii) അങ്ങനെയുളള തൊഴിലുടമയില്‍ നിന്ന് പ്രസക്തമെന്ന് അതിന് തോന്നുന്ന ഏതെങ്കിലും വിവരം ആവശ്യപ്പെടുന്നതിനും;
  (iii)തൊഴിലാളികളുടെ ക്ഷേമാഭിവൃദ്ധിക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് അതിന് യുക്തമെന്ന് തോന്നുന്ന അങ്ങനെയുളള നിര്‍ദ്ദേശങ്ങള്‍ അങ്ങനെയുളള തൊഴിലുടമക്ക് നല്‍കുന്നതിനും; അധികാരമുണ്ടായിരിക്കുന്നതാണ്:
 33. ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കുന്നതിനുളള ശിക്ഷ:- ബോര്‍ഡ് ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രമാണം ഹാജരാക്കുന്നതിനോ ബോര്‍ഡ് ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരം നല്‍കുന്നതിനോ മന:പൂര്‍വ്വം വീഴ്ച വരുത്തുകയോ അഥവാ 32-ാം വകുപ്പുപ്രകാരം ബോര്‍ഡ് പുറപ്പെടുവിച്ച ഏതെങ്കിലും നിര്‍ദ്ദേശം അനുസരിക്കുന്നതില്‍ മന:പൂര്‍വ്വം വീഴ്ച വരുത്തുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും, കുറ്റ സ്ഥാപനത്തില്‍ മേല്‍-
  (a) ആദ്യത്തെ കുറ്റത്തിന് മൂന്നുമാസം വരെ വരാവുന്ന തടവു ശിക്ഷയോ, അഥവാ അഞ്ഞൂറു രൂപയോളം വരാവുന്ന പിഴയോ അഥവാ രണ്ടും കൂടിയതോ;
  (b) രണ്ടാമത്തെയോ അഥവാ പിന്നീടു ചെയ്യുതോ ആയ കുറ്റത്തിന് ആറുമാസം വരെ വരാവു തടവു ശിക്ഷയോ അഥവാ ആയിരം രൂപയോളം വരാവു പിഴയോ അഥവാ രണ്ടും കൂടിയതോ ആയ ശിക്ഷ നല്‍കേണ്ടതാണ്: എന്നാല്‍ വിരുദ്ധമായി കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞിരിക്കേണ്ട പ്രത്യേകമായതും മതിയായതുമായ കാരണങ്ങളുടെ അഭാവത്തില്‍ കുറ്റം ചെയ്ത ആള്‍ക്ക് പിഴശിക്ഷമാത്രം വിധിച്ച ഏതെങ്കിലും കേസില്‍, പിഴസംഖ്യ അമ്പതുരൂപയില്‍ കുറയാന്‍ പാടില്ലാത്തതാകുന്നു.
 34. വാര്‍ഷിക റിപ്പോര്‍ട്ട്-: ബോര്‍ഡ്, ഓരോ വര്‍ഷവും അവസാനിച്ചതിനുശേഷം കഴിയുന്നത്ര വേഗം, നിര്‍ണ്ണയിക്കപ്പെടാവുന്ന അങ്ങനെയുളള തീയതിക്കുമുമ്പും അങ്ങനെയുളള ഫാറത്തിലും മുന്‍വര്‍ഷത്തെ അതിന്റെ പ്രവര്‍ത്തനങ്ങളുടേയും, അടുത്ത വര്‍ഷത്തില്‍ ബോര്‍ഡ് ഏറ്റെടുത്തു നടത്താന്‍ സാദ്ധ്യതയുളള പ്രവര്‍ത്തനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അവയുടെയും വിവരം നല്‍കിക്കൊണ്ടുളള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതും സര്‍ക്കാരിന്, സമര്‍പ്പിക്കേണ്ടതും, സര്‍ക്കാര്‍ അങ്ങനെയുളള ഓരോ റിപ്പോര്‍ട്ടും, സര്‍ക്കാരിന് അതു കിട്ടിയശേഷം കഴിയുന്നത്ര വേഗം സംസ്ഥാന നിയമസഭ മുന്‍പാകെ വയ്ക്കാന്‍ ഏര്‍പ്പാടു ചെയ്യേണ്ടതുമാണ്.

 35. ബോര്‍ഡിന്റെ പ്രവര്‍ത്തനം റദ്ദാക്കല്‍-
  (1) ഈ ആക്റ്റു മുലമോ അതു പ്രകാരമോ ചുമത്തപ്പെട്ട കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ബോര്‍ഡിന് കഴിവില്ലെന്നോ അഥവാ അത് നിര്‍വ്വഹിക്കുതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയെന്നോ അഥവാ അതിന്റെ അധികാരങ്ങള്‍ ലംഘിച്ചുവെന്നോ, ദുരുപയോഗിച്ചുവെന്നോ സര്‍ക്കാരിന് അഭിപ്രായമുളള പക്ഷം സര്‍ക്കാരിന്, ഗസറ്റില്‍ വിജ്ഞാപനം മൂലം വിജ്ഞാപനത്തില്‍ പറയാവുന്ന വിധത്തില്‍,
  ആറുമാസത്തില്‍ കവിയാത്ത കാലത്തേക്കു ബോര്‍ഡിന്റെ പ്രവര്‍ത്തനം റദ്ദാക്കാവുന്നതാണ്: എന്നാല്‍ ഈ ഉപവകുപ്പു പ്രകാരം ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ്, സര്‍ക്കാര്‍ നോട്ടീസുമൂലം, നോട്ടീസില്‍ പറയാവുന്ന അങ്ങനെയുളള സമയത്തിനകം അതിന്റെ പ്രവര്‍ത്തനം റദ്ദാക്കാതിരിയ്ക്കുന്നതിനുളള കാരണം കാണിക്കല്‍ ബോര്‍ഡിനോട് ആവശ്യപ്പെടാവുന്നതും ബോര്‍ഡിന്റെ വിശദീകരണങ്ങളും ആക്ഷേപങ്ങളും വല്ലതുമുണ്ടെങ്കില്‍ അത് പരിഗണിക്കേ ണ്ടതുമാണ്.
  (2) (1)-ാം ഉപവകുപ്പു പ്രകാരം ബോര്‍ഡിന്റെ പ്രവര്‍ത്തനം റദ്ദാക്കിക്കൊണ്ടുളള ഒരു വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയാല്‍-
  (a) പ്രവര്‍ത്തനം റദ്ദാക്കിയ തീയതി മുതല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും അവരവരുടെ സ്ഥാനങ്ങള്‍ ഒഴിയേണ്ടതും:
  (b) ഈ ആക്റ്റിലെ വ്യവസ്ഥകള്‍ മുലമോ അതു പ്രകാരമോ ബോര്‍ഡും ചെയര്‍മാനും അവരുമോ അഥവാ അവര്‍ക്കുവേണ്ടിയോ വിനിയോഗിക്കേണ്ടതോ നിര്‍വ്വഹിക്കേണ്ടതോ ആയ എല്ലാ അധികാരങ്ങളും കര്‍ത്തവ്യങ്ങളും, പ്രവര്‍ത്തനം റദ്ദാക്കപ്പെട്ടകാലത്ത്, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാവുന്ന അങ്ങനെയുളള അധികാരസ്ഥാനമോ, ആളോ വിനിയോഗിക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതും;
  (c) ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുളള എല്ലാ ഫണ്ടുകളും വസ്തുക്കളും പ്രവര്‍ത്തനം റദ്ദാക്കപ്പെട്ട കാലത്ത് (ബി) എന്ന ഖണ്ഡത്തില്‍ പറഞ്ഞിട്ടുളള അധികാരസ്ഥാനത്തിലോ ആളിലോ നിക്ഷിപ്തമായിരിക്കുന്നതും;
  (d) ബോര്‍ഡിനെതിരായി നിയമാനുസൃതമായി നിലനില്‍ക്കുന്നതും നടപ്പാക്കാവുന്നതുമായ എല്ലാ ബാദ്ധ്യതകളും (ബി) എന്ന ഖണ്ഡത്തില്‍ പറഞ്ഞിട്ടുളള അധികാരസ്ഥാനത്തിനോ ആള്‍ക്കോ എതിരായി അതിലോ അയാളിലോ നിക്ഷിപ്തമായിട്ടുളള ഫണ്ടുകളുടേയും വസ്തുക്കളുടേയും കണക്കനുസരിച്ച് നടപ്പാക്കാവുന്നതുമാകുന്നു.
  (3) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ചിട്ടുളള വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുളള പ്രവര്‍ത്തനം റദ്ദാക്കപ്പെട്ടകാലം കഴിഞ്ഞതിനുശേഷം സര്‍ക്കാരിന്-
  (a) ആവശ്യമെന്ന് അവര്‍ കരുതാവുന്ന ആറുമാസത്തില്‍ കവിയാത്ത അങ്ങനെയുളള കൂടുതല്‍ കാലത്തേയ്ക്ക് പ്രവര്‍ത്തനം റദ്ദാക്കിയ കാലം നീട്ടുകയോ അല്ലെങ്കില്‍
  (b) 5-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്ത വിധത്തില്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
 36. അധികാരം ഏല്‍പ്പിച്ചുകൊടുക്കല്‍.-
  (1) സര്‍ക്കാരിന് ഗസറ്റില്‍ വിജ്ഞാപനം മൂലം 40-ാം വകുപ്പുപ്രകാരം ചട്ടങ്ങള്‍ ഉണ്ടാക്കാനുളള അധികാരമൊഴികെ, ഈ ആക്റ്റു മുലമോ അതു പ്രകാരമോ അവരില്‍ നിക്ഷിപ്തമായിട്ടുളള ഏതെങ്കിലും അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഏതെങ്കിലും അധികാരസ്ഥാനത്തെയോ ഉദ്യോഗസ്ഥനേയോ അധികാരപ്പെടുത്താവുന്നതും അതേ വിധത്തില്‍ അങ്ങനെയുളള അധികാരപ്പെടുത്തല്‍ പിന്‍വലിക്കാവുന്നതുമാണ്.
  (2) ബോര്‍ഡിന്, രേഖാ മൂലമായ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം 42-ാം വകുപ്പുപ്രകാരം റഗുലേഷനുകള്‍ ഉണ്ടാക്കുവാനുളള അധികാരമൊഴികെ, ആവശ്യമെന്ന് അത് കരുതാവുന്ന ഈ ആക്റ്റു പ്രകാരമുളള അതിന്റെ അധികാരങ്ങളും കൃത്യങ്ങളും ബോര്‍ഡിന്റെ കമ്മീഷണര്‍ക്കോ മറ്റുദ്യോഗസ്ഥനോ ഏല്‍പ്പിച്ച് കൊടുക്കാവുന്നതും അതേ വിധത്തില്‍ അങ്ങനെയുളള അധികാരപ്പെടുത്തല്‍ പിന്‍വലിക്കാവുന്നതുമാണ്.
  (3) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം ഏല്‍പ്പിച്ചുകൊടുത്തിട്ടുളള ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നത് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിരിക്കാവുന്ന നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഇതിനുവേണ്ടി അധികാരപ്പെടുത്താവുന്ന ഉദ്യോഗസ്ഥന്റെയോ അഥവാ അതതു സംഗതിപോലെ, ബോര്‍ഡിന്റേയോ ഇതിനു വേണ്ടി ബോര്‍ഡ് അധികാരപ്പെടുത്താവുന്ന ഉദ്യോഗസ്ഥന്റേയോ നിയന്ത്രണങ്ങള്‍ക്കും പുന:പരിശോധനയ്ക്കും വിധേയമായിരിക്കുന്നതാണ്. (4) അതതു സംഗതിപോലെ സര്‍ക്കാരിനോ ബോര്‍ഡിനോ (3)-ാം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പ്രവൃത്തികളും നടപടികളും നിയന്ത്രിക്കുവാനും പുന:പരിശോധിക്കുവാനും ഉളള അധികാരം ഉണ്ടായിരിക്കുന്നതാണ്.
 37. ബോര്‍ഡിലെ അംഗങ്ങള്‍, കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ മുതലായവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന്(പബ്ലിക് സര്‍വന്റ്‌സ്) -ബോര്‍ഡിലെ അംഗങ്ങളും കമ്മീഷണരും ധനകാര്യ ഉദ്യോഗസ്ഥനും ഇന്‍സ്‌പെക്റ്റര്‍മാരും ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍മാരും, ജീവനക്കാരും ഈ ആക്റ്റു പ്രകാരമുളള ഏതെങ്കിലും കൃത്യം നിര്‍വ്വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള എല്ലാ ആളുകളും ഇന്‍ഡ്യന്‍ ശിക്ഷാനിയമം (1860-45-ാം കേന്ദ്ര ആക്റ്റ്)21-ാം വകുപ്പിന്റെ അര്‍ത്ഥ വ്യാപ്തിക്കുളളില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരായി (പബ്ലിക് സര്‍വന്റ്‌സ്) കരുതപ്പെടുന്നതാണ്.
 38. ഉത്തമ വിശ്വാസത്തോടെ ചെയ്ത പ്രവൃത്തിക്ക് സംരക്ഷണം-
  (1) ഈ ആക്‌റ്റോ അതു പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ഉത്തരവോ അനുസരിച്ച് ഉത്തമ വിശ്വാസത്തോടെ ചെയ്തിട്ടുളളതോ ചെയ്യാനുദ്ദേശിച്ചിട്ടുളളതോ ആയ ഏതെങ്കിലും പ്രവൃത്തിക്കുവേണ്ടി ഏതെങ്കിലും ആള്‍ക്കെതിരായി യാതൊരു വ്യവഹാരമോ ശിക്ഷാ നടപടിയോ മറ്റു നിയമാനുസൃത നടപടിയോ സ്വീകാര്യമല്ലാത്തതാകുന്നു. (2) ഈ ആക്ടോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ഉത്തരവോ അനുസരിച്ചോ ഉത്തമവിശ്വാസത്തോടെ ചെയ്തിട്ടുളളതോ ചെയ്യാനുദ്ദേശിച്ചിട്ടുളളതോ ആയ ഏതെങ്കിലും പ്രവര്‍ത്തികൊണ്ട് ഉണ്ടായിട്ടുളളതോ ഉണ്ടാകാനിടയുളളതോ ആയ ഏതെങ്കിലും നാശനഷ്ടങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെതിരായോ ബോര്‍ഡിനെതിരായോ യാതൊരു വ്യവഹാരമോ മറ്റു നിയമനുസൃത നടപടിയോ സ്വീകാര്യമല്ലാത്തതാകുന്നു.
 39. ഒഴിവാക്കല്‍- സര്‍ക്കാരിന് ഗസറ്റില്‍ വിജ്ഞാപനം മൂലം വിജ്ഞാപനത്തില്‍ പ്രത്യേകം പറയാവുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഏതെങ്കിലും സ്ഥാപനത്തേയോ സ്ഥാപനങ്ങളുടെ വിഭാഗത്തേയോ ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുന്നതാണ്.
 40. ചട്ടങ്ങള്‍ ഉണ്ടാക്കാനുളള അധികാരം-
  (1) സര്‍ക്കാരിന് ഗസറ്റില്‍ വിജ്ഞാപനം മൂലം ഈ ആക്റ്റിലെ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിലേക്കായി ചട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. (2) പ്രത്യേകിച്ചും മുന്‍പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ദൂഷ്യം കൂടാതെയും അങ്ങനെയുളള ചട്ടങ്ങളില്‍ താഴെ പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്- (a) 3-ാ വകുപ്പില്‍ പറഞ്ഞിട്ടുളള ഏതെങ്കിലും തുകകള്‍ ഏതു ഇടവേളകളിലാണ് അഥവാ ഏതു സമയത്തിനകമാണ് ബോര്‍ഡിലേക്കോ ഫണ്ടിലേക്കോ നല്‍കേണ്ടതെന്നും അങ്ങനെ നല്‍കുന്നതിനുളള വിധവും അങ്ങനെയുളള തുക പിരിക്കുന്നതിനുളള ഏജന്‍സിയും വിധവും.
  (b) ഫണ്ടിന്റെ കണക്കുകള്‍ വച്ചുപോരേണ്ടതും ആഡിറ്റു ചെയ്യേണ്ടതുമായ വിധം
  (c) ബോര്‍ഡിലെ അംങ്ങള്‍ക്ക് നല്‍കേണ്ടതായ അലവന്‍സുകള്‍ വല്ലതുമുണ്ടെങ്കില്‍ അത്;
  (d) തൊഴിലാളികളുടെ വീതം അയാളുടെ വേതനത്തില്‍ നിന്ന് കുറയ്‌ക്കേണ്ട വിധം; ;
  (e) കൊടുത്ത് തീര്‍ക്കാത്ത ശേഖരണം സംബന്ധിച്ച് നല്‍കേണ്ട നോട്ടീസിന്റെ ഫോറം;
  (f) ഫണ്ടില്‍ നിന്ന് ഗ്രാന്റുകള്‍ കൊടുക്കുന്നതിനുളള നടപടി ക്രമം;
  (g) ഫണ്ട് കൈകാര്യം ചെയ്യുമ്പോള്‍ വഹിക്കേണ്ടിവരുന്ന ചെലവുകള്‍ കൊടുത്തു തിര്‍ക്കുന്നതിനുളള നടപടിക്രമം;
  (h) ബോര്‍ഡ് അതിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവിധം;
  (i) ബോര്‍ഡിന്റെ അധികാരങ്ങളും കൃത്യങ്ങളും കമ്മീഷണര്‍ക്കോ ബോര്‍ഡിലെ മറ്റു ഉദ്യോഗസ്ഥനോ ഏല്‍പ്പിച്ചു കൊടുക്കലും, ഏതെല്ലാം വ്യവസ്ഥകള്‍ക്കും പരിമിതികള്‍ക്കും വിധേയമായാണോ അപ്രകാരമുളള അധികാരങ്ങള്‍ വിനിയോഗിക്കുകയോ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്യുവുന്നതെന്ന്
  (j) ബോര്‍ഡ് ജീവനക്കര്‍ക്കുവേണ്ടിയും മറ്റു ഭരണപരമായ ചെലവുകള്‍ക്ക് വേണ്ടിയും ഫണ്ടിന്റെ വാര്‍ഷികവരുമാനത്തിന്റെ എത്ര ശതമാനത്തിനുപരിയായി ചെലവാക്കാന്‍ പാടില്ല എ കാര്യം (k) ഈ ആക്റ്റു പ്രകാരം വച്ചു പോരേണ്ട രജിസ്റ്ററുകളും രേഖകളും
  (l) ഫണ്ടിലേക്കുളള വരുമാനങ്ങളും ഫണ്ടില്‍ നിന്നുളള ചെലവുകളും സംബന്ധിച്ച സ്റ്റേറ്റുമെന്റും കണക്കുകള്‍ സംബന്ധിച്ച സ്‌ടേറ്റുമെന്റും ഉള്‍പ്പെടെ ഫണ്ടില്‍ നിന്നുളള ധനസഹായത്തോടുകൂടി, നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തല്‍
  (m) നിര്‍ണ്ണയിക്കപ്പെടേണ്ടതോ നിര്‍ണ്ണയിക്കപ്പെടാവുന്നതോ ആയ മറ്റേതെങ്കിലും കാര്യം
 41. ചട്ടങ്ങളും വിജ്ഞാപനങ്ങളും നിയമസഭയുടെ മുന്‍പാകെ വയ്‌ക്കേണ്ടതാണെന്ന്--ഈ ആക്റ്റു പ്രകാരമുണ്ടാക്കിയ ഏതൊരു ചട്ടവും പുറപ്പെടുവിച്ച ഏതൊരു വിജ്ഞാപനവും അതുണ്ടാക്കിയതിനുശേഷമോ പുറപ്പെടുവിച്ചതിനുശേഷമോ കഴിയുന്നത്ര വേഗം നിയമസഭായോഗം ചേര്‍ന്നിരിക്കുമ്പോള്‍ അതിന്റെ മുന്‍പാകെ ആകെ പതിനാല് ദിവസത്തേയ്ക്ക്-അത് ഒരു സമ്മേളനത്തിലോ തുടര്‍ച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാം വയ്‌ക്കേണ്ടതും അതുപ്രകാരം ഏത് സമ്മേളനത്തില്‍ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിന് തൊട്ടടുത്ത വരു സമ്മേളനമോ അവസാനിക്കുന്നതിന് മുന്‍പ് നിയമസഭാ ആ ചട്ടമോ വിജ്ഞാപനമോ ഭേദഗതി ചെയ്യുകയോ അഥവാ ആ ചട്ടമുണ്ടാക്കേണ്ടതില്ലാന്നോ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നോ തീരുമാനിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രസ്തുത ചട്ടത്തിനോ വിജ്ഞാപനത്തിനോ അതിനുശേഷം അതതുസംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തില്‍മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതാകുന്നു. എന്നിരുന്നാലും അങ്ങനെയുളള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ പ്രസ്തുത ചട്ടപ്രകാരമോ വിജ്ഞാപനപ്രകാരമോ നേരത്തെ ചെയ്തിട്ടുളള യാതൊന്നിന്റേയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്ത വിധത്തിലായിരിക്കേണ്ടതാകുന്നു.
 42. റഗുലേഷനുകള്‍ ഉണ്ടാക്കാനുളള അധികാരം-
  (1) ബോര്‍ഡിന് ഗസറ്റില്‍ വിജ്ഞാപനം മൂലം ഈ ആക്റ്റിലെ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിനായി ഈ ആക്റ്റിനും ആക്റ്റുപ്രകാരമുണ്ടാക്കിയ ചട്ടങ്ങള്‍ക്കും വിരുദ്ധമല്ലാത്ത റഗുലേഷനുകള്‍ ഉണ്ടാക്കാവുന്നതാണ്.
  (2)പ്രത്യേകിച്ചും, മേല്‍ പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ദൂഷ്യം കൂടാതെയും പ്രസ്തുത റഗുലേഷനുകളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്
  (a) ബോര്‍ഡ് യോഗങ്ങളില്‍ കോറം ഉള്‍പ്പെടെ കാര്യനിര്‍വ്വഹണം സംബന്ധിച്ച് അനുവര്‍ത്തിക്കേണ്ട നടപടി ക്രമം
  (b) ഏതെല്ലാം ആവശ്യങ്ങള്‍ക്കും ഏതെല്ലാം രീതിയിലും വ്യക്തികളുടെ താല്‍ക്കാലിക സംഘടനകളുണ്ടാക്കാവുന്നതാണ്.
  (c) കമ്മറ്റിയംഗങ്ങളുടെ കര്‍ത്തവ്യങ്ങളും കൃത്യങ്ങളും അവരുടെ സേവനം സംബന്ധിച്ച് തിട്ടങ്ങളും വ്യവസ്ഥകളും
  (d) ഏത് രീതിയിലും ഏത് ഫാറത്തിലുമാണ് ബോര്‍ഡിന്റെ കണക്കുകള്‍ സൂക്ഷിക്കേണ്ടതെന്ന്
  (e) റഗുലേഷനുകള്‍ മൂലം നിര്‍ണ്ണയിക്കപ്പെടേണ്ടതോ നിര്‍ണ്ണയിക്കപ്പെടാവുന്നതോ ആയ മറ്റേതെങ്കിലും സംഗതി
  (3) സര്‍ക്കാരിനാല്‍ അംഗീകരിക്കപ്പെട്ടാലല്ലാതെ യാതൊരു റഗുലേഷനോ അതിന്റെ റദ്ദാക്കലിനോ അഥവാ ഭേദഗതിയ്‌ക്കോ പ്രാബല്യമുണ്ടായിരിക്കുന്നതല്ല.
  (4) സര്‍ക്കാരിന് ഗസറ്റില്‍ വിജ്ഞാപനം മൂലം ഈ വകുപ്പുപ്രകാരമുണ്ടാക്കിയിട്ടുളള ഏതൊരു റഗുലേഷനും റദ്ദാക്കാവുന്നതും അപ്പോള്‍ ആ റഗുലേഷന് പ്രാബല്യമുണ്ടായിരിക്കുതുമല്ലാത്തതാകുന്നു.
 43. 1936 ലെ 4-ാം കേന്ദ്ര ആക്റ്റ് 8-ാം വകുപ്പിന്റെ ഭേദഗതി- വേതനം നല്‍കുന്നതു സംബന്ധിച്ച 1936 ലെ ആക്റ്റ് (1936-ലെ 4-ാം കേന്ദ്ര ആക്റ്റ്) 8-ാം വകുപ്പില്‍ അത് കേരള സംസ്ഥാനത്തെ ബാധിക്കുത് സംബന്ധിച്ച് (8)-ാം ഉപവകുപ്പില്‍ വിശദീകരണത്തിന് മുന്‍പായി താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേര്‍ക്കേണ്ടതാണ്, അതായത്:- എന്നാല്‍ 1975-ലെ കേരള തൊഴിലാളി ക്ഷേമനിധി ആക്റ്റ് ബാധകമാക്കുന്ന ഏതെങ്കിലും സ്ഥാപനത്തിന്റെ സംഗതിയില്‍ അപ്രകാരമുളള എല്ലാ വസൂലാക്കലുകളും പ്രസ്തുത ആക്റ്റു പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുളള ഫണ്ടില്‍ അടയ്‌ക്കേണ്ടതാകുന്നു.